മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന പരാതി ; കേസ് ലോകായുക്തയ്ക്ക് വിട്ടത് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന പരാതി പരിഗണിയ്ക്കാൻ ലോകായുക്ത ഫുൾ ബെഞ്ചിനെ ഏൽപ്പിച്ചതിലുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ തങ്ങൾക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പരാതി കേട്ട ശേഷം മൂന്നംഗ ഫുൾ ബെഞ്ചിന് കേസ് വിട്ട ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ തുടങ്ങിയവർ ശരി വച്ചു. ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഒന്നാം മന്ത്രി സഭയിലെ മറ്റ് മന്ത്രിമാർക്കുമെതിരെയായിരുന്നു പരാതി.

പരാതി വിശദമായി പരിഹരിക്കാനാണ് ലോകായുക്ത കേസ് ഫുൾ ബെഞ്ചിലേക്ക് വിട്ടത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത് പരാതിക്കാരനായ ആർ എസ് ശശികുമാറാണ്. ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച മുൻ എം എൽ എ രാമചന്ദ്രന്റെ കുടുംബത്തിന് 8 ലക്ഷം രൂപയും കോടിയേരി ബാല കൃഷ്ണന്റെ പൈലറ്റ് വാഹനമിടിച്ച് അപകടത്തിൽപെട്ട സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും നൽകിയെന്നായിരുന്നു പരാതി.