അൻവറിന് മിച്ച ഭൂമിയില്ലെന്ന വാദം പൊളിഞ്ഞു; തെളിവിനുള്ള രേഖകൾ ഹാജരാക്കി പരാതിക്കാരൻ

കോഴിക്കോട് : മലപ്പുറത്ത് നിന്നുള്ള നിയമസഭാ അംഗമായ പി വി അൻവറിന്റെ മിച്ച ഭൂമി ഇല്ലെന്ന വാദം പൊളിച്ചെഴുതി രേഖകൾ ഹാജരാക്കി പരാതിക്കാരനും പൊതു പ്രവർത്തകനുമായ കെ എം ഷാജി. പാലക്കാട് ജില്ലയിലെ കുഴൽമന്ദം, മലപ്പുറം ജില്ലയിലെ എടവണ്ണ, മഞ്ചേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മീഞ്ചന്ത, ചാത്തമംഗലം എന്നീ സബ് രജിസ്‌ട്രാർ ഓഫീസുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിവരമാണ് പരാതിക്കാരൻ കൈ മാറിയത്. 2022 ൽ സമർപ്പിച്ച 12.46 ഏക്കറിന്റെ രേഖകൾക്ക് പുറമെയാണ് കഴിഞ്ഞ ദിവസം 34.37 ഏക്കർ ഭൂമിയുടെ രേഖകൾ കൈമാറിയത്. താമരശ്ശേരി താലൂക്ക് ഓഫീസിൽ നടന്ന ഹിയറിങ്ങിലാണ് പരാതിക്കാരൻ രേഖകൾ നൽകിയത്.

എം എൽ എയും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈക്കലാക്കിയ ഭൂമി തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി കോടതിയലക്ഷ്യ കേസ് വഴി ഉത്തരവിട്ടിരുന്നു. തെളിവായി രേഖ ഹാജരാക്കിയതോടെ 22.81 ഏക്കർ ഭൂമി മാത്രമേയുള്ളുവെന്ന ലാൻഡ് ബോർഡിൻറെ ഹൈക്കോടതിയിലെ വാദം പൊളിയുകയാണ്. കോടതിക്ക് മുന്പാകെ എം എൽ എ പറഞ്ഞ 22 ഏക്കർ കൂടാതെയാണ് ഷാജി 46.83 ഏക്കറുണ്ടെന്ന് തെളിവ് സഹിതം വെളിപ്പെടുത്തിയത്. ഇതോടെ അൻവർ സത്യവാങ്മൂലത്തിൽ കളവ് നൽകിയെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഹൈക്കോടതി കേസ് ഒക്ടോബർ 18 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.