കടൽത്തീരത്തടിഞ്ഞ അജ്ഞാത വസ്തുവുമായി ചന്ദ്രയാൻ 3യ്ക്ക് ബന്ധമോ; വിശദീകരണവുമായി ബഹിരാകാശ ഏജൻസി

ഓസ്‌ട്രേലിയൻ കടൽത്തീരത്തടിഞ്ഞ അജ്ഞാത വസ്തുവുമായി ചന്ദ്രയാൻ 3ന് ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തി ബഹിരാകാശ ഏജൻസി. ഓസട്രേലിയൻ തീരത്തടിഞ്ഞ അജ്ഞാത വസ്തു ചന്ദ്രയാൻ 3-ന്റെ അവശിഷ്ടമല്ലെന്ന് ബഹിരാകാശ ഏജൻസി അറിയിച്ചു. ചന്ദ്രയാന് മുൻപ് ലോഞ്ച് ചെയ്ത പിഎസ്എൽവിയുടെ അവശിഷ്ടങ്ങളാണ് കടൽതീരത്ത് ലഭിച്ചതെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ മൂന്നാം സ്റ്റേജിന്റെ ചിത്രത്തിനും കടൽതീരത്തണിഞ്ഞ വസ്തുവിന്റെ സാമ്യതയും വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ഏജൻസി രംഗത്തെത്തിയത്. ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ജൂലൈ 14നാണ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. വിക്ഷേപണത്തിന് ശേഷമുള്ള സഞ്ചാര പാതയുടെ ഗതി മൂലം ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിൽ നിന്നും ചന്ദ്രയാൻ പേടകം ഭൗമാന്തരീക്ഷത്തിലൂടെ കുതിച്ചുപായുന്ന കാഴ്ച ദൃശ്യമായിരുന്നു.

പിന്നീടാണ് ഓസ്‌ട്രേലിയയിലെ കടൽതീരത്ത് ഒരു നിഗൂഢ വസ്തു വന്നടിയുന്നത്. ഈ വസ്തുവിന്റെ ഉറവിടം കണ്ടെത്താനാകാതെ വന്നതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബഹിരാകാശ ഏജൻസിയുടെ വിശദീകരണം.