കൊലവിളി മുദ്രാവാക്യം; ബിജെപി – ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

പാലക്കാട്: കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി – ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പാലക്കാട് കൊപ്പത്ത് സ്പീക്കർ ഷംസീറിനെതിരെയും യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ബിജെപി പട്ടാമ്പി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാർത്ഥി പ്രമുഖ് സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് തുടങ്ങിയവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മയിലാണ് സംഭവത്തിൽ പരാതി നൽകിയത്.

സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തുകയായിരുന്നു. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയാണ് സംഘപരിവാർ സംഘടനകൾ പ്രതിഷേധം നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും കൊലവിളി പ്രസംഗങ്ങൾ നടത്തിയിരുന്നു.

അതേസമയം, മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മുദ്രാവാക്യം വിളിച്ചു നൽകിയ വ്യക്തിയടക്കമാണ് അറസ്റ്റിലായത്. അബ്ദുൾ സലാം, ഷെരീഫ്, ആഷിർ, അയൂബ്, മുഹമ്മദ് കുഞ്ഞി തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.