അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദം ; രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപെട്ട് സംവിധായകൻ വിനയൻ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ. ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിക്കുമെന്നും ഭരണകൂടം നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിനയൻ അഭിപ്രായപ്പെട്ടു. 2022 ലെ ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറി അംഗമായ നേമം പുഷപരാജിന്റെ ഓഡിയോ സന്ദേശം ഇതിനോടൊപ്പം വിനയൻ പുറത്തു വിട്ടിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ ബാഹ്യ സമ്മർദ്ദം മൂലം ഒഴിവാക്കിയെന്നാണ് ഓഡിയോയിൽ പറയുന്നത്. പല അവാർഡുകൾക്കും പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ പരിഗണിച്ചെങ്കിലും ചിത്രത്തെ ഒഴിവാക്കാൻ രഞ്ജിത്ത് സമ്മർദ്ദം ചെലുത്തിയെന്നും രഞ്ജിത്തിന് ചെയർമാനായി തുടരാൻ യോഗ്യതയില്ലെന്നും ഓഡിയോയിൽ പറയുന്നുണ്ട്.

വിനയൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച് തെളിവ് സഹിതം ഓഡിയോ പുറത്തു വിടുകയായിരുന്നു. രഞ്ജിത്തിന്റെ ഇടപെടൽ ഉണ്ടായിട്ടും 3 അവാർഡ് ചിത്രത്തിന് നല്കിയപ്പോൾ അത് തിരുത്താനും രഞ്ജിത് ശ്രെമിച്ചതായി ആരോപണമുണ്ട്. പ്രശ്‌നം വളരെ ചർച്ചയായെങ്കിലും രഞ്ജിത്തോ ചലച്ചിത്ര അക്കാഡമിയോ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. അവാർഡ് നിർണയം പൂർണമായും ജൂറി തീരുമാനമാണെന്ന് സർക്കാർ വാദിക്കുമ്പോൾ ഈ വെളിപ്പെടുത്തലിൽ സർക്കാർ പ്രതികരിച്ചേ മതിയാകൂ.