ഫോണിൽ വിളിച്ച് വധഭീഷണി; പോലീസിന് പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

കൊച്ചി: സൈബർ ആക്രമണത്തിൽ പരാതിയുമായി നടൻ സുരാജ് വെഞ്ഞാറമൂട്. കാക്കനാട് പൊലീസിലാണ് താരം പരാതി നൽകിയത്. ഫോണിൽ വിളിച്ചു തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ് പരാതിയിൽ പറയുന്നത്. വാട്‌സ് ആപ്പിലും ഭീഷണി സന്ദേശം ലഭിക്കുന്നുവെന്നും പരാതിയിലുണ്ട്.

മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണ് സൈബർ ആക്രമണം നടക്കുന്നതെന്നും പരാതിയിൽ വിശദമാക്കിയിട്ടുണ്ട്. മണിപ്പൂർ ബലാത്സംഗ കേസിൽ സുരാജ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു, ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടായെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.