മണിപ്പൂർ വീഡിയോ പുറത്താക്കിയതിൽ സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ഗൂഢലക്ഷ്യം ;അമിത് ഷാ

ന്യൂ ഡൽഹി : മണിപ്പൂരിൽ ആൾകൂട്ടം യുവതികളെ നഗ്നരാക്കി നടത്തുകയും അതിക്രമം നടത്തുകയും ചെയ്ത വീഡിയോ പുറത്താക്കിയ സംഭവത്തിലൂടെ നരേന്ദ്ര മോദി സർക്കാരിനെ നാണംകെടുത്തുക എന്നാണ് ലക്‌ഷ്യം വച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.ഈ കേസിലെ അന്വേഷണം സി ബി ഐക്ക് കൈമാറിയതിന് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. മെയ് 4 നായിരുന്നു രണ്ട് കുക്കി യുവതികൾക്ക് നേരെ ആക്രമണം ഉണ്ടായതെങ്കിലും ഇതിന്റെ വീഡിയോ പുറം ലോകത്തെത്തിയത് കഴിഞ്ഞ ആഴ്ചയായിരുന്നു.

അതെ സമയം മണിപ്പൂർ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പക്ഷപാതം ഇല്ലാതാക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. യുവതികളുടെ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ അറസ്റ്റ് ചെയ്ത് മൊബൈൽ പിടിച്ചെടുത്തതായി അമിത് ഷാ വ്യക്തമാക്കി. 1990 ൽ മണിപ്പൂരിൽ പൊട്ടി പുറപ്പെട്ട കുക്കി – മെയ്ത്തി സംഘർഷത്തെക്കുറിച്ചും സംസ്ഥാനത്തെ നിലവിലത്തെ അവസ്ഥയെക്കുറിച്ചും മാധ്യമങ്ങളോട് അമിത് ഷാ സംസാരിച്ചു. 6 കേസുകൾ സി ബി ഐയ്ക്ക് കൈമാറിയതായും മൂന്ന് കേസ് എൻ ഐ എ യ്ക്ക് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.