ഗ്യാൻവാപി മസ്ജിദ് സർവ്വേ; മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ ഓഗസ്റ്റ് മൂന്നിന് വിധി പുറപ്പെടുവിക്കും

ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സർവേ നടത്തുന്നതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ ഓഗസ്റ്റ് മൂന്നിന് വിധി പുറപ്പെടുവിക്കും. അലഹബാദ് ഹൈക്കോടതിയാണ് വിധി പ്രസ്താവം നടത്തുക. സർവേക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്റ്റേ അതുവരെ തുടരുന്നതാണ്.

മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ വാദം കേട്ടത് ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ്. സർവേ നടപടികൾ മസ്ജിദിന് ഒരു തരത്തിലും കേട് വരുത്തിലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ സർവേ സംബന്ധിച്ച കടുത്ത സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. സർവേ നടത്തുന്ന മാർഗം കൃത്യമായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വിശദീകരിക്കാൻ കഴിയാത്തതിനാലാണ് ഹൈക്കോടതി സംശയം രേഖപ്പെടുത്തിയത്. സർവേ നടത്തുന്നതിനായി ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യ ഗ്യാൻവാപി മസ്ജിദിൽ എത്തിച്ച ഉപകരണങ്ങളുടെ ഫോട്ടോകൾ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

ഈ ഉപകരണങ്ങൾ കുഴിക്കുന്നതിനുള്ളതാണെന്നും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകർ വാദിച്ചു. ഗ്യാൻവാപി മസ്ജിദിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും അതിനാൽ സർവേയുടെ ഭാഗമായി കുഴിക്കുന്നത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മസ്ജിദ് കമ്മിറ്റി കൂട്ടിച്ചേർത്തു.