സർക്കാരിന്റേത് വിചിത്ര മദ്യനയം; പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി ഡി സതീശൻ

കൊച്ചി: മദ്യനയത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റേത് വിചിത്ര മദ്യനയമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യ വ്യാപനം ഉറപ്പാക്കുന്നതിനൊപ്പം ലഹരിക്കെതിരെ കാമ്പയിനും നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് സർക്കാർ ലക്ഷ്യം. ഒരുപഠനവും തയ്യാറാക്കാതെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മദ്യനയം രൂപീകരിച്ചത്. മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വർധിപ്പിക്കുന്നതാണ് പുതിയ മദ്യനയം. ആരാണ് മദ്യനയം തയ്യാറാക്കിയതെന്ന് അത്ഭുതപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ അതിശക്തമായ പ്രചാരണം നടത്താൻ കൂടുതൽ പണം നൽകുമെന്ന് ഒരുസ്ഥലത്ത് പറഞ്ഞിരിക്കുകയാണ്. മറ്റൊരു സ്ഥലത്ത് പറഞ്ഞിരിക്കുന്നത്, ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ വർധിപ്പിച്ച് 559 എണ്ണമാക്കുമെന്നാണ്. എല്ലാ റെസ്റ്റോറന്റുകൾക്കും ബിയർ- വൈൻ പാർലർ ലൈസൻസ് നൽകുമെന്ന് പറയുന്നു. ലഹരിമരുന്നുകളുടെ ഉപഭോഗം ഗൗരവതരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. വിമുക്തിയല്ല, എൻഫോഴ്സമെന്റാണ് വേണ്ടത്. ശക്തമായ നടപടികളിലൂടെ രാസമരുന്നുകളുടെ വ്യാപനം നിയന്ത്രിക്കണം. എവിടെനിന്നാണ് ഇതു വരുന്നതെന്ന് എക്സൈസ് വകുപ്പിന് അറിവില്ല, അതിനുള്ള മാർഗങ്ങളില്ല. കൂടുതൽ പണം കൊടുത്ത് എക്സൈസിന് അതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ മെഡിക്കൽ കോളജിലെ എംബിബിഎസ് സീറ്റുകൾ നഷ്ടമായതിന്റെ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണ്. കുറ്റകരമായ അനാസ്ഥയ്ക്ക് ആരോഗ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂവെന്നും വി ഡി സതീശൻ വ്യക്തമാക്കി.