തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഹൗളിങ് സംഭവിച്ചതിൽ കേരള പോലീസ് കേസ് എടുത്ത നടപടിക്കെതിരെ പ്രതികരിച്ച് മൈക്ക് ഉടമകളുടെ സംഘടന. തിങ്കളാഴ്ച്ച നടന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണത്തിനിടെയാണ് മുഖ്യമന്ത്രി പ്രസംഗിക്കാനെത്തിയപ്പോൾ മൈക്കിന് സാങ്കേതിക തടസം സംഭവിച്ചത്. ഈ സംഭവത്തിൽ മൈക്ക് ഉപകരണങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. ഇതോടെ മൈക്ക് ഉടമകളുടെ സംഘടനാ പോലീസ് നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്.
പൊതു സുരക്ഷയ്ക്ക് കോട്ടം മൈക്ക് തടസം മൂലം സംഭവിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ആരെയും കേസിൽ പ്രതിയാക്കിയിട്ടില്ലെങ്കിലും ആംപ്ലിഫയർ, വയർ, മൈക്ക് എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. അതെ സമയം ഈ കേസിൽ സർക്കാരിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. സാങ്കേതിക പ്രശ്നത്തിന് പോലീസ് സ്വമേധയ കേസ് എടുത്ത നടപടി ശരിയായില്ലെന്നും നേതാക്കൾ പറഞ്ഞു.

