തിരുവനന്തപുരം : മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തകരാറായതിൽ പോലീസ് കേസ് എടുത്ത നടപടി പിൻവലിച്ച് സർക്കാർ. മൈക്ക് കേസ് പരിഹാസങ്ങൾക്കും വിവാദങ്ങൾക്കും ഇടയായതോടെ കേസ് പിൻവലിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശത്തിന് പിന്നാലെ പിടിച്ചെടുത്ത മൈക്കും ഉപകരണകളും പോലീസ് ഉടമയ്ക്ക് നൽകി. ചിരിപ്പിച്ചു കൊല്ലരുതെന്നാണ് മൈക്ക് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞത് കൊണ്ടാണ് പോലീസ് കേസെടുത്തതെന്നും സതീശൻ ആരോപിച്ചു.
മൈക്കിലുണ്ടായ തകരാറിന്റെ പേരിൽ കന്റോൺമെന്റ് പോലീസ് സ്വീകരിച്ച നടപടിയാണ് വിവാദമായിരിക്കുന്നത്. മൈക്കിൽ ഹൗളിങ് വരുത്തി പൊതുസുരക്ഷയ്ക്ക് കോട്ടം വരുത്തി എന്നാണ് പോലീസ് എടുത്ത കേസ്. ഇതിനോടൊപ്പം മൈക്ക് ഉടമ രഞ്ജിത്തിൽ നിന്ന് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതോടെ പല കോണിൽ നിന്നും രൂക്ഷമായ പരിഹാസവും വിമർശനവും ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിച്ച് ഉപകരണങ്ങൾ ഉടമയ്ക്ക് നൽകിയത്. ആളുകൾ തിക്കി തിരക്കിയപ്പോഴുണ്ടായ തകരാറാണ് ഉണ്ടായതെന്ന് മൈക്ക് ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

