പോക്‌സോ കേസിൽ പേര് പരാമർശിച്ചതിൽ മാനനഷ്ട് കേസ് നൽകി കെ പി സി സി പ്രസിഡന്റ്

തിരുവനന്തപുരം : പോക്‌സോ കേസിൽ തന്റെ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് നൽകാനൊരുങ്ങി കെ സുധാകരൻ. എറണാകുളം സി ജെ എം കോടതിയിൽ ഫയൽ ചെയ്യുന്ന കേസിൽ എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരാണ് എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എം ചന്ദ്രശേഖരൻ സുധാകരന് വേണ്ടി വാദിക്കും. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാമർശത്തിനെതിരെയാണ് മാനനഷ്ട കേസ് ഫയൽ ചെയ്യുന്നത്. പാർട്ടി പത്രത്തിലാണ് ഗോവിന്ദൻ മാസ്റ്റർ സുധാകരനെതിരെ പരാമർശം നടത്തിയത്.

എന്നാൽ കെ പി സി സി പ്രസിഡന്റിനെ വിളിപ്പിച്ചത് മോൻസാൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ മാത്രമാണെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സുധാകരനെതിരെ അതിജീവിത മൊഴി നൽകാത്തതിനാൽ എല്ലാ ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിച്ചു. എന്നാൽ ഗോവിന്ദന്റെ പരാമർശം പുറത്തു വന്നതോടെ വിമർശനവുമായി സുധാകരൻ രംഗത്തെത്തി. തലച്ചോറിൽ അശ്ലീലം നിറച്ച ഒന്നാന്തരം ദേശാഭിമാനി ലേഖകനായി ഗോവിന്ദൻ പെട്ടെന്ന് മാറുമെന്ന് താൻ കരുതിയില്ലെന്ന രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരൻ ഫേസ്ബുക്കിൽ പ്രതികരിച്ചത്.