രാഷ്ട്രീയക്കാരെല്ലാം ഉമ്മൻചാണ്ടിയെ മാതൃകയാക്കണം ;നായനാരുടെ മകൻ

കോട്ടയം : എല്ലാ രാഷ്ട്രീയക്കാരും ഉമ്മൻ ചാണ്ടിയെ കണ്ട് പഠിക്കണമെന്ന് ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ചശേഷമായിരുന്നു കൃഷ്ണകുമാർ ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ശനിയാഴ്ച്ച രാവിലെയായിരുന്നു അദ്ദേഹം എത്തിയത്. ഉമ്മൻ ചാണ്ടി സർ ആരായിരുന്നുവെന്ന് കഴിഞ്ഞ നാല് ദിവസമായി കേരളം കണ്ടെന്നും ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിലെത്തി എന്റെയും അമ്മയുടെയും ആദരാഞ്ജലി അർപ്പിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയപ്രവർത്തകൻ എങ്ങനെയാകണമെന്നാണ് നമുക്കെല്ലാം ചാണ്ടി സർ കാണിച്ചു തന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ഛനും അദ്ദേഹവും ഒരുപാട് കാലം നിയമസഭയിൽ ഉണ്ടായിരുന്നു അതൊക്കെ വലിയ ഓർമകളാണ് . പല പ്രാവശ്യം ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. കാണാനെത്തുന്നവരുടെ പ്രശ്നം മനസിലാക്കി കണ്ണീരൊപ്പി പരിഹരിക്കുന്ന വ്യക്തിയാണ്. സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. 19 വർഷം മുൻപ് ഇത് പോലൊരു വിലാപ യാത്ര അച്ഛൻ മരിച്ചപ്പോഴും ജനം കണ്ടതാണ് . ഇതൊക്കെ ജനം ആരും പറഞ്ഞിട് ചെയ്യുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു