ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന രാജ്യം; പദവി സ്വന്തമാക്കി ഇന്ത്യ

സൂററ്റ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന പദവി സ്വന്തമാക്കി ഇന്ത്യ. ഗുജറാത്തിലെ സൂററ്റാണ് ഈ നേട്ടം സ്വന്തമാക്കിയത്. പെന്റഗണിനെ പിന്തള്ളിയാണ് ദി സൂററ്റ് ഡയമണ്ട് ബോഴ്സ് എന്ന മന്ദിരസമുച്ചയം പുതിയ നേട്ടം കരസ്ഥമാക്കിയത്.

67.28 ലക്ഷം ചതുരശ്രയടിയാണ് സൂററ്റിലെ ഖജോറിൽ നിർമ്മിച്ച ഈ മന്ദിര സമുച്ചയത്തിന്റെ വിസ്തൃതി. 35.54 ഏക്കറിലായി പതിനഞ്ച് നിലകൾ വീതമുള്ള ഒൻപത് ടവറുകൾ ചേർന്നതാണിത്.

സൂററ്റിലാണ് രാജ്യത്ത് വ്യാപാരം ചെയ്യുന്ന 92 ശതമാനം വജ്രവും മിനുസപ്പെടുത്തുന്നത്. കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ മുംബൈയിൽ എത്തിക്കാനുള്ള സാമ്പത്തിക ബാദ്ധ്യതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വജ്രവ്യാപാരികളുടെ സംഘടനയും ഖജോർ ഡവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന് കോർപ്പറേറ്റ് ആസ്ഥാനം നിർമ്മിച്ചത്. ഹരിതകെട്ടിടത്തിനുള്ള ഉന്നതാംഗീകാരമായ പ്ലാറ്റിനം ഗ്രീൻ സർട്ടിഫിക്കറ്റും കരസ്ഥമാക്കി. സൂററ്റ് ഡയമണ്ട് ബോഴ്‌സ് പൂർണമായി പ്രവർത്തിക്കുമ്പോൾ രണ്ടു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെയർമാൻ വല്ലഭായ് പട്ടേൽ വ്യക്തമാക്കുന്നത്.