പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് വൻ തുക പിഴ ചുമത്തി കോടതി. 154 കോടി രൂപ (1.88 കോടി ഡോളർ) ജോൺസൺ ആൻഡ് ജോൺസന് പിഴ ചുമത്തിയിരിക്കുന്നത്. കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്.
24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിധി.
സംഭവത്തിൽ പ്രതികരണവുമായി ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനി രംഗത്തെത്തി. ബേബി പൗഡർ സുരക്ഷിതമാണെന്നും, ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ അറിയിച്ചു.

