തിരുവമ്പാടി : പി വി അൻവർ എം എൽ എയുടെ സമ്മർദ്ദത്തെ തുടർന്ന് ഭൂപരിഷ്കരണ നിയമ ലംഘനം നടത്തി സർക്കാർ. എം എൽ എയും കുടുംബവും കൈവശപ്പെടുത്തിയ മിച്ച ഭൂമി അഞ്ച് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന കോടതി ഉത്തരവ് ഒന്നരവർഷമായിട്ടും നടപ്പാക്കിയിരുന്നില്ല. 2022 ജനുവരി 13 ലെ ഹൈക്കോടതിയിലെ കോടതിയലക്ഷ്യ കേസിലെ ഉത്തരവിന് പിന്നാലെയായായിരുന്നുസർക്കാരിന്റെ നീക്കങ്ങൾ. ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിലുള്ള താലൂക്ക് ലാൻഡ് ബോർഡുകളെ മാറ്റി സോണൽ ലാൻഡ് ബോർഡും അതിന് താഴെയായി സോണൽ സബ് താലൂക്ക് ലാൻഡ് ബോർഡ് ഓഫീസുകളാക്കി മാറ്റുകയുമാണുണ്ടായത്. ഇതോടെ അൻവറിനെതിരായ കേസ് അട്ടിമറിക്കപെടുകയായിരുന്നു.
മി ച്ച ഭൂമി കേസിൽ ചുമതലയുണ്ടായിരുന്ന താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സണായി സ്ഥാനം വഹിക്കുന്ന കോഴിക്കോട് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ ശാലിനി പദവി ഒഴിഞ്ഞിരുന്നു. പകരം സ്ഥാനമേറ്റ കണ്ണൂർ സോണൽ താലൂക് ലാൻഡ് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കളക്ടർ ഹരീഷ് കേസ് പരിഗണിക്കുക പോലും ചെയ്തില്ല. ഇതോടെയാണ് ഹർജിക്കാരൻ കെ വി ഷാജിയുടെ കോടതിയലക്ഷ്യ ഹർജിയിൽ 3 മാസത്തിനുള്ളിൽ നടപടി സ്വീകരിക്കാമെന്ന് താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ പറഞ്ഞത്. ഭൂരഹിതനായ പരാതിക്കാരന്റെ പരാതിക്ക് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെയിരുന്നതോടെയാണ് 2020 ൽ അയാൾ കോടതിയെ സമീപിച്ചത്.

