മണിപ്പൂരിലുണ്ടായത് മനുഷ്യ രാശിയോടുള്ള ക്രൂരത ; വി ഡി സതീശൻ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസങ്ങളായി മണിപ്പൂർ കത്തുമ്പോൾ ഇവയെല്ലാം പുതിയ കാര്യമല്ലെന്നും ഗുജറാത്തിലും യു പിയിലും നടന്നതിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെങ്കിൽ അതിനെ ഒരു നിയമവ്യവസ്ഥയുള്ള രാജ്യമായി കരുതാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം മുഴുവൻ അറിഞ്ഞപ്പോഴാണ് പ്രധാനമന്ത്രി വിവരം അറിയുന്നതെന്ന് പറഞ്ഞു അദ്ദേഹം ഭരണകൂടത്തെ വിമർശിച്ചു. കേന്ദ്രം ഭരിക്കുന്ന സർക്കാർ ദുരന്തമാണെന്നും നിയമപാലകർ മുതൽ ആഭ്യന്തര മന്ത്രി വരെ ഇതിനു ഉത്തരവാദികളാണെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. മനുഷ്യരാണെങ്കിൽ ഈ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യക്കായി പോരാടണമെന്നും പ്രവർത്തിക്കണമെന്നും അഭ്യർത്ഥിച്ചാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിച്ചത്.