കള്ളപ്പണക്കേസ്; തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊന്മുടിയുടെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പതിമൂന്ന് മണിക്കൂർ നീണ്ട റെയ്ഡിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 70 ലക്ഷം രൂപയും പത്തുലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയുൾപ്പെടെയുള്ളവ മന്ത്രിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തുവെന്നുമാണ് പുറത്തു വന്ന റിപ്പോർട്ട്. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉൾപ്പെടെ സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. 2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ക്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് ഇഡിയുടെ നീക്കം.

അതേസമയം, തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിഎം കെ സ്റ്റാലിൻ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ ജോലി അവർ എളുപ്പമാക്കുകയാണെന്നെന്ന് സ്റ്റാലിൻ പറഞ്ഞു. മന്ത്രി പൊന്മുടിക്കെതിരായ കേസ് അദ്ദേഹം നിയമപരമായി നേരിടുമെന്നും സ്റ്റാലിൻ അറിയിച്ചു. പൊന്മുടിക്കെതിരായ രണ്ടുകേസുകൾ അടുത്തിടെ തള്ളിയിരുന്നു. കേസ് അദ്ദേഹം നിയമപരമായി നേരിടും. ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷയോഗത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് എൻഫോഴ്സ്മെന്റ് റെയ്ഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി.