ലാവ്ലിൻ കേസ് മാറ്റി : സെപ്റ്റംബർ 12 ന് വീണ്ടും പരിഗണിക്കും

ഡൽഹി : സുപ്രീം കോടതി ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി വച്ചു. ഹാജരാകുന്ന അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്താണ് അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കാൻ സി ബി ഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അന്ന് കേസ് പരിഗണിച്ചാൽ ഹാജരാകാൻ അസൗകര്യം ഉണ്ടെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചതിനെ തുടർന്ന് കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 12 ലേക്ക് മാറ്റുകയായിരുന്നു. മലയാളിയായ ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയതോടെയാണ് പുതിയ ബെഞ്ചിൽ കേസെത്തിയത്. ഇത് വരെ 34 തവണയാണ് കേസ് മാറ്റി വച്ചിരിക്കുന്നത്. പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ കുറ്റ വിമുക്തമാക്കിയ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം,പന്നിയാർ പദ്ധതികളുടെ നവീകരണത്തിനായി എസ് എൻ സി ലാവ്‌ലിനുമായുള്ള 374 കോടിയുടെ കരാറിൽ ഒപ്പ് വച്ചതു വഴി ഉണ്ടായ സാമ്പത്തിക നഷ്ടകേസാണിത്. മുഖ്യമന്ത്രി ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്.