ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയ വാണം; പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സിപിഎം സെമിനാർ ചീറ്റിപ്പോയ വാണമെന്ന് അദ്ദേഹം പരിഹസിച്ചു.

മത-സാമുദായിക നേതാക്കൾക്ക് പകരം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്. മുസ്ലിം വനിതാ പ്രാതിനിധ്യം പോലും ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. സെമിനാറിൽ പങ്കെടുക്കാൻ ആളെ വാഹനത്തിൽ കൊണ്ടുവരേണ്ടിവന്നു. എല്ലാവരെയും വിളിച്ച സമ്മേളനത്തിലേക്ക് എങ്ങനെയാണ് കൊടിയുംവച്ച് വരികയെന്നും മുരളീധരൻ ചോദിച്ചു.