നാളെ കർക്കടക വാവ്; ബലിതർപ്പണ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

തിരുവനന്തപുരം: നാളെ കർക്കടക വാവ്. പിതൃപരമ്പരകളുടെ മോക്ഷപ്രാപ്തിക്കും പ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന ദിനമാണ് കർക്കടക വാവ്. തിരുവനന്തപുരം ജില്ലയിൽ കർക്കടക വാവിനോടനുബന്ധിച്ച് വലിയ തയ്യാറെടുപ്പുകളാണ് തിരുവനന്തപുരം ജില്ലയിൽ നടന്നത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ തിലഹോമം, പിതൃപൂജ എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

നാളെ പുലർച്ചെ 2.30 മുതൽ തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിലെ രണ്ട് സ്ഥിരം ബലിമണ്ഡപങ്ങൾക്ക് പുറമെ ഏഴെണ്ണം കൂടി തയ്യാറാക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് 25 പുരോഹിതന്മാർ നേതൃത്വം നൽകും. കന്യാകുമാരി സാഗരസംഗമത്തിലും കുഴിത്തുറയിൽ താമ്രപർണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും ബലിതർപ്പണം നടക്കും.

വർക്കല പാപനാശം കടപ്പുറത്ത് ഇന്ന് രാത്രി 10.25 മുതൽ ബലിതർപ്പണം ആരംഭിക്കും. കടപ്പുറത്തെ ദേവസ്വം ബോർഡ് ബലിമണ്ഡപത്തിലും താത്കാലിക മണ്ഡപങ്ങളിലും ബോർഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാർ കാർമ്മികത്വം വഹിക്കും. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും. ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം എന്നിവിടങ്ങളിലും ബലിതർപ്പണം നടക്കും.

ഒരേസമയം 1000 പേർക്ക് അരുവിപ്പുറത്ത് ബലിതർപ്പണം നടത്താം. നെയ്യാറ്റിൻകരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം, നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ, വിവിധ ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.