അപകീർത്തി കേസ്; ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. സുപ്രീംകോടതിയിൽ രാഹുൽ ഗുഡറാത്ത് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. മാനനഷ്ടക്കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ നൽകിയത്. വിധി വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

കർണാടകയിലെ കോലാറിൽ വച്ച് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹർജിയിൽ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ട് വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുകയും ചെയ്തു.

തുടർന്ന് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. ഇതോടെ രാഹുൽ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. എന്നാൽ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് കോടതി വ്യക്തമാക്കിയത്.