ചെന്നൈ: ഡിഎംകെ നേതാവും മുൻമന്ത്രിയുമായ സെന്തിൽ ബാലാജിയുടെ കസ്റ്റഡി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി. മദ്രാസ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്. സെന്തിൽ ബാലാജിയുടെ ഭാര്യയാണ് കസ്റ്റഡി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തത്. സെന്തിൽ ബാലാജി ആശുപത്രിയിൽ കഴിഞ്ഞ കാലയളവ് കസ്റ്റഡി കാലാവധിയിൽ നിന്ന് ഒഴിവാക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് സി.വി. കാർത്തികേയനാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കസ്റ്റഡിയിൽ വെക്കാനുള്ള അധികാരമുണ്ടെന്നും അറസ്റ്റും റിമാൻഡും നിയമപരമായതിനാൽ ഇപ്പോൾ സമർപ്പിച്ചിട്ടുള്ള ഹേബിയസ് കോർപസ് ഹർജി അനുവദിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസന്വേഷണത്തിൽ കസ്റ്റഡിയിലെടുക്കേണ്ടതിന്റെ ആവശ്യകതയുണ്ടെങ്കിൽ അതനുവദിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് സെന്തിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.

