ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി; അഭിമാന നേട്ടവുമായി ഇന്ത്യ

ന്യൂഡൽഹി: അഭിമാന നേട്ടവുമായി ഇന്ത്യൻ സൈന്യം. ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയാണെന്നാണ് പ്രതിരോധ വെബ്സൈറ്റ് ഗ്ലോബൽ ഫയർപവർ വ്യക്തമാക്കുന്നത്. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്സൈറ്റാണ് ഗ്ലോബൽ ഫയർപവർ. അമേരിക്കയാണ് ഗ്ലോബൽ ഫയർ പവറിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ റഷ്യ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

പട്ടികയിൽ ആറാം സ്ഥാനത്ത് ദക്ഷിണ കൊറിയ, ഏഴാം സ്ഥാനത്ത് പാകിസ്താൻ, എട്ടാം സ്ഥാനത്ത് ജപ്പാൻ, ഒൻപതാം സ്ഥാനത്ത് ഫ്രാൻസ്, പത്താം സ്ഥാനത്ത് ഇറ്റലി തുടങ്ങിയ രാജ്യങ്ങളാണ്. ഭൂട്ടാനാണ് 145 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സൈനിക ശക്തിയുള്ള രാജ്യം. അമേരിക്കയാണ് പ്രതിരോധത്തിനായി ലോകത്ത് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നത്. അമേരിക്കയുടെ പ്രതിരോധ ബജറ്റ് പ്രതിവർഷം 732 ബില്യൺ ഡോളറാണ്. ഗ്ലോബൽ ഫയർ പവർ ഒരു രാജ്യത്തിന്റെ ശക്തി സൂചിക നിർണ്ണയിക്കുന്നത് സൈനിക യൂണിറ്റുകൾ, സാമ്പത്തിക നില, കഴിവുകൾ, ഭൂമിശാസ്ത്രം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ്.

പട്ടികയിൽ അമേരിക്കയുടെ പവർഇൻഡക്‌സ് മൂല്യം 0.0712 ആണ്. റഷ്യയുടെ മൂല്യം 0.0714 ആണ്. ചൈനയുടെ മൂല്യം 0.0722 ആണ്. ഇന്ത്യയുടെ റാങ്കിംഗ് മൂല്യം 0.1025 ആണ്. പാകിസ്താന്റെ മൂല്യം 0.1694 ആണ്.