ന്യൂഡൽഹി: ഡൽഹിയിൽ പ്രളയക്കെടുതി രൂക്ഷം. യമുനാ നദി കരകവിഞ്ഞതോടെ വലിയ പ്രളയക്കെടുതിയാണ് ഡൽഹിയ്ക്ക് നേരിടേണ്ടി വന്നത്. റോഡുകൾ പലതും വെള്ളത്തിനടിയിലാണ്. കൂറ്റൻ ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നതാണ് യമുനയിൽ ജലനിരപ്പ് ഉയരാൻ കാരണം.
ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന സ്ലീപ്പർ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്. ട്രക്കുകൾ ഒഴുകിപ്പോകാതിരിക്കാൻ കയർകൊണ്ട് ബന്ധിച്ച് നിർത്തിയിരിക്കുന്ന കാഴ്ച്ചകളും ദൃശ്യങ്ങളിലുണ്ട്. ഡൽഹിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ സന്ദർശനം അനുവദിക്കില്ലെന്നാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിൽ റോഡും മെട്രോയും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. സർവ്വകലാശാലകൾക്കും സ്‌കൂളുകൾക്കും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും ഞായറാഴ്ച വരെ അധികൃതർ അവധി നൽകി. പ്രധാന റോഡുകളിൽ പലതും വെള്ളം കയറിയതോടെ ഗതാഗതം പലയിടത്തും താറുമാറായി.

