തിരുവനന്തപുരം : കെട്ടിട നിയമത്തിന് ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ.കെട്ടിട നികുതി അടയ്ക്കുമ്പോൾ കാണിച്ച സത്യവാങ്മൂലത്തിലുള്ള വിസ്തീർണം പിന്നീട് മാറ്റുന്നവർക്കെതിരെ പിഴ ചുമത്താനാണ് ഭേദഗതി ചെയ്യുന്നത്.ഒറ്റത്തവണ കെട്ടിട നികുതിയുടെ 50 % ആയാണ് പിഴത്തുക ഉയർത്തുന്നത്.50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമത്തിൽ ഭേദഗതി വരുത്താനായി ഗവർണറോട് ശുപാർശ തേടാൻ മന്ത്രി സഭായോഗം തീരുമാനിച്ചു.ആഡംബര നികുതിയുടെ പേര് അഡീഷണൽ ടാക്‌സ് എന്നാക്കി മാറ്റാനും ഭേദഗതിയിൽ തീരുമാനിച്ചിട്ടുണ്ട്.3000 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളുടെ ആഡംബര നികുതി പുതിയ ചരക്ക് സേവന നിയമമനുസരിച്ച് നേരിട്ട് കേന്ദ്രത്തിലേക്കാണ് പോകുന്നത്.
ഇത് സംസ്ഥാന സ്ഥാപനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിലേക്ക് പോകുന്നത് തടയാൻ ലക്ഷ്വറി ടാക്‌സ് എന്ന പേര് മാറ്റി അഡീഷണൽ ടാക്‌സാക്കി മാറ്റുന്നത്. ഫ്ലാറ്റ് നിർമാണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതിയെന്ന ഭേദഗതിയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നികുതി സംബന്ധിച്ചുള്ള അപ്പീലുകളിൽ സ്ഥല പരിശാധന നടത്തി തീരുമാനമെടുക്കാനുള്ള കളക്ടറുടെ സമയ പരിധി 3 മാസത്തിൽ നിന്നും ഒരു വർഷമാക്കി ഉയർത്തിയിട്ടുണ്ട്. 1973 ഏപ്രിൽ ഒന്നിനാണ് കേരളം കെട്ടിട നികുതി നിയമം നിലവിൽ വന്നത്.കെട്ടിടത്തിന്റെ തറയുടെ വിസ്തീർണം അടിസ്ഥാനമാക്കി നികുതി നടപ്പാക്കുന്നത് റവന്യു വകുപ്പാണ്. ഇപ്പോഴും സംസ്ഥാനത്ത് നികുതി നിർണയിക്കപ്പെടാതെ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉണ്ടെന്നാണ് സർക്കാർ പറയുന്നത്.

