യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം ഏകപക്ഷീയ നിലപാടുമൂലം എൽഡിഎഫിൽ ഒറ്റപ്പെട്ടു; കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഏക സിവിൽ കോഡിന്റെ പേരിൽ യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം ഏകപക്ഷീയ നിലപാടുമൂലം എൽഡിഎഫിലും, വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തിൽ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികൾ നേരിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ പിടിക്കാൻ പോയവർക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. സിപിഐയുടെ പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പരസഹിച്ചു.

രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ നിർത്തി കേരളീയ സമൂഹത്തെ വർഗീയവത്കരിക്കുന്ന സിപിഎം നിലപാടുകളിൽ പാർട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണ്. കലാപക്കൊടി ഉയർത്തിയ എംവി രാഘവന്റെ ബദൽ രേഖയിൽ 25 വർഷത്തിനുശേഷം സിപിഎം തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തെ പുറത്താക്കിയതും കൊല്ലാൻ ശ്രമിച്ചതുമൊക്കെ ഇനി സിപിഎമ്മിന് എങ്ങനെ ന്യായികരിക്കാനാകുമെന്ന ചോദ്യവും സുധാകരൻ ഉന്നയിച്ചു.