പാരീസ് : ഔദ്യോഗിക സന്ദർശനത്തിന് ഫ്രാൻസിലേക്ക് പോയ മോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി ഫ്രാൻസ് പ്രസിഡന്റ് സമ്മാനിച്ചു.ഗ്രാൻഡ് ക്രോസ്സ് ഓഫ് ദി ലിജിയൻ ഓഫ് ഓണററെന്ന ഫ്രാൻസിലെ ഏറ്റവും വലിയ സിവിലിയൻ സൈനിക ബഹുമതിയാണ് മോദിക്ക് നൽകിയത്. ഈ പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോദിക്ക് പുരസ്ക്കാരം നൽകിയത് പാരിസിലെ എലിസീ കൊട്ടാരത്തിലെ സ്വകാര്യ അത്താഴവിരുന്നിൽ വച്ചാണ്. ഫ്രാൻസിനെ വിവിധ മേഖലകളിൽ പിന്തുണയ്ക്കുന്ന വിദേശീയരായ വ്യക്തികൾക്കാണ് ഫ്രാൻസിന്റെ പരമോന്നത ബഹുമതി നൽകുന്നത്.
എന്നാൽ നയതന്ത്ര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ഈ പുരസ്‌കാരം ഫ്രാൻസ് നൽകി വരുന്നുണ്ട്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഫ്രാൻസിലേക്ക് പോയ നരേന്ദ്ര മോദി ഇന്ന് നടക്കുന്ന അവരുടെ ദേശീയ ദിനാഘോഷത്തിന്റെ മുഖ്യ അതിഥിയായിരിക്കും.ഇന്ത്യയുടെ 269 അംഗ സൈനിക യൂണിറ്റും വ്യോമസേനയുടെ 3 റാഫേൽ യുദ്ധ വിമാനങ്ങളും ദേശീയ ദിന പരേഡിൽ പങ്കെടുക്കുന്നുണ്ട്. മോദിയും ഫ്രാൻസ് പ്രസിഡന്റുമായി നടക്കുന്ന ചർച്ചയിൽ പ്രതിരോധ മേഖലയിലെ പങ്കാളിത്തവും പ്രതിരോധ രംഗത്തെ പ്രധാന കരാറുകളും ചർച്ചയാകും.

