തൃശ്ശൂർ: കാട്ടാനയെ കൊന്ന് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. തൃശ്ശൂർ വാഴക്കോടാണ് റബർ തോട്ടത്തിൽ നിന്ന് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് രണ്ടുമാസത്തിലേറെ പഴക്കമുണ്ട്. വനംനകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ജഡം പുറത്തെടൂത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം ആനവേട്ടയാണോ എന്ന് പരിശോധിക്കുമെന്ന് ഡി.എഫ്.ഒ. ജയശങ്കർ അറിയിച്ചു.
ആനയുടെ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. വാഴക്കോട് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ജഡം കണ്ടെത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. റോഡിനോട് ചേർന്നുള്ള വീടിന് പുറകുവശത്തെ റബർ തോട്ടത്തിലായിരുന്ന ജഡം. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
ജഡം പൂർണമായും അഴുകിയനിലയിലായിരുന്നു. അസ്ഥിഭാഗങ്ങൾ മാത്രമായിരുന്നു പുറത്തേക്കെടുക്കാൻ കഴിഞ്ഞത്. രണ്ട് കൊമ്പ് പുറത്തേക്കെടുത്തു. ഇതിൽ ഒരു കൊമ്പിന്റെ പകുതി ഭാഗം മുറിച്ചുമാറ്റിയനിലയിലാണ്.

