മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നത്; ആരോപണവുമായി കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തനിക്കെതിരെയുള്ള പോലീസ് നടപടികളിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മോഹവാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും തന്നെ കുടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാട് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയർന്ന പദവി വാഗ്ദാനം ചെയ്തു. കേസിൽ തന്നെ ജയിലിനകത്തിട്ടാൽ പ്രൊമോഷൻ നൽകാം എന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയെന്നും സുധാകരൻ പറയുന്നു. പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ടാണ് കെ സുധാകരൻ അന്വേഷണം നടക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സുധാകരനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.