ഇംഫാൽ: മണിപ്പൂരിൽ കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പോലീസ്. കമാൻഡോകളുടെ കറുത്ത യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യതയുണ്ടെന്നാണ് മണിപ്പൂർ പോലീസ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കമാൻഡോ യൂണിഫോം ദുരുപയോഗം ചെയ്യരുതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂർ പോലീസ് കമാൻഡോകളുടെ കറുത്ത യൂണിഫോം അണിഞ്ഞ് ഒരു സംഘം അക്രമകാരികൾ നീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയത്.
സംസ്ഥാനത്ത് കലാപം നടക്കുന്നതിനിടെ പോലീസ് കേന്ദ്രങ്ങളിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങളാണ് ഇവയെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് പോലീസ് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. സൈനിക വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നതിൽ തെറ്റില്ലെന്നും ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

