ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹത്നികുണ്ഡ് അണക്കെട്ട് ഹരിയാന തുറന്നു വിടുന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ആഭ്യന്തര മന്ത്രിയ്ക്ക് കത്തയച്ചത്. യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിന് പിന്നാലെയാണ് അധികൃതർ ഹത്നികുണ്ഡ് അണക്കെട്ട് തുറന്നു വിടാൻ തീരുമാനിച്ചത്.
ബുധനാഴ്ച വൈകിട്ട് യമുന നദിയിൽ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയർന്നിരുന്നു. 44 വർഷത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്. ഡൽഹി സർക്കാർ പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം മഴയല്ലെന്നും അണക്കെട്ട് തുറന്നതോടെയാണ് നദി അപകടനിലയിലെത്തിയതെന്നും കെജ്രിവാൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അർധരാത്രിയോടെ ജലനിരപ്പ് 207.72 മീറ്ററായി ഉയർന്നേക്കുമെന്നാണ് ഡൽഹി ജലസേചന-പ്രളയനിവാരണ വകുപ്പ് നൽകിയിരുന്ന മുന്നറിയിപ്പ്. 1978-ലാണ് ഇത്തരത്തിൽ യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നതെന്നും അന്ന് അതിശക്തമായ പ്രളയത്തിനാണ് ഡൽഹി സാക്ഷ്യം വഹിച്ചതെന്ന ആശങ്കയും കെജ്രിവാൾ പങ്കുവെച്ചു.

