സംസ്ഥാനത്ത് ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും; 768 കോടി രൂപ അനുവദിച്ചു

kn Balakrishnan

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയുമാണ് അനുവദിച്ചത്.

സംസ്ഥാന ധനകാര്യ വകുപ്പാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം പേർക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുക. ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കും.