എറണാകുളം: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിശദാംശങ്ങളും ശുപാർശയും നൽകാൻ റിട്ട ജസ്റ്റിസ് ജി ശശിധരനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിന് സ്റ്റേ. ഹൈക്കോടതിയാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. കരുനാഗപ്പള്ളി സ്വദേശിയും എസ്എൻഡിപി അംഗവുമായ ആർ വിനോദ് കുമാറടക്കമുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
രണ്ടു മാസത്തേക്കാണ് സ്റ്റേ. സർക്കാരിന് കമ്മീഷനെ നിയമിക്കാൻ അധികാരമില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് സ്റ്റേ വിധിച്ചത്. ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടുകയും ചെയ്തു. ഏപ്രിൽ 19നാണ് ജസ്റ്റിസ് ജി ശശിധരനെ നിയമിച്ച് സർക്കാർ ഉത്തരവിട്ടത്.
ഇന്ത്യൻ കമ്പനി നിയമപ്രകാരം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടത്താനുള്ള എസ്എൻഡിപി യോഗത്തിന്റെ അവകാശത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നും, ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

