എറണാകുളം: ഹൈക്കോടതിയിൽ ഇനി മുതൽ ജാമ്യാപേക്ഷകളിലെ അപാകത മെഷീൻ ലേണിംഗ് വഴി പരിശോധിക്കാനുള്ള സംവിധാനം ലഭ്യമാകും. തിങ്കളാഴ്ച മുതലാണ് ഹൈക്കോടതിയിൽ ഈ സേവനം നിലവിൽ വന്നത്. ജാമ്യാപേക്ഷ പരിശോധിക്കാൻ നിലവിൽ പത്ത് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിന് പകരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സംവിധാനം നടപ്പിലാക്കുന്നത്.
പുതിയ സംവിധാനം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും. സ്‌ക്രൂട്ടിനി മൊഡ്യൂൾ തയ്യാറാക്കിയത് ഹൈക്കോടതി ഐടി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ്. അതേസമയം, ജാമ്യാപേക്ഷകൾ പരിശോധിക്കാൻ ‘ഓട്ടോ സ്‌ക്രൂട്ടിനി’ ഓപ്ഷൻ അവതരിപ്പിക്കും. നിലവിലെ ‘സ്‌ക്രൂട്ടിനി ബൈ ഫയലിംഗ് സ്‌ക്രൂട്ടിനി ഓഫിസർ’ എന്ന ഓപ്ഷൻ ഈ മാസം അവസാനം വരെയുണ്ടാകുന്നതാണ്.
മെഷീൻ സ്‌ക്രൂട്ടിനി മൊഡ്യൂളിന്റെ പ്രവർത്തനം വിശകലനം ചെയ്ത ശേഷം അടുത്ത മാസം ആദ്യം മുതൽ ഈ സംവിധാനത്തിലേക്ക് മാറാനാണ് പദ്ധതിയിടുന്നത്.

