നാവിക സേനയ്ക്കായി കരുത്ത് പകരാനായി പുതിയ പ്രതിരോധ ഉപകരണങ്ങൾ; റഫാൽ യുദ്ധവിമാനങ്ങളും സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും ഫ്രാൻസിൽ നിന്ന് വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: നാവിക സേനയ്ക്കായി കരുത്ത് പകരാനായി പുതിയ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നു. 26 റഫാൽ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളും ഫ്രാൻസിൽ നിന്ന് വാങ്ങാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. 22 റഫാൽ മറൈൻ എയർക്രാഫ്റ്റുകളും നാല് പരിശീലന വിമാനങ്ങളുമാണ് നാവിക സേനയ്ക്കു വേണ്ടി ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ നടത്തുന്ന ദ്വിദിന സന്ദർശനത്തിനിടെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ജൂലൈ 13, 14 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിക്കുന്നത്.

ഐഎൻഎസ് വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29-ന് പകരം റഫാൽ യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. 90,000 കോടിയോളം രൂപ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കരാർ വ്യവസ്ഥകൾക്ക് അന്തിമരൂപമാകുന്നതോടെ മാത്രമെ ഇക്കാര്യത്തിൽ പൂർണമായും വ്യക്തത ലഭിക്കൂ. പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ കരാർ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടക്കും. ഇതിന് ശേഷം ദിവസങ്ങൾക്കകം ഡിഫൻസ് അക്വിസിഷൻ കൗൺസിലിന് മുന്നിൽവെക്കുന്നതാണ്.