ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്‌സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല; സുപ്രീം കോടതി

ന്യൂഡൽഹി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്‌സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടയുകയും ചെയ്തു. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നടപടി. കേസിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസും നൽകി.

അതേസമയം, അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ശരിവച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയെ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തു.

മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയ്‌ക്കെതിരായ അന്വേഷണത്തിൽ പോലീസ് നടപടിക്കെതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. തന്റെ ഫോൺ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവർത്തകൻ വിശാഖ് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. വിശാഖിന്റെ ഫോൺ ഉടൻ വിട്ടുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയല്ലാത്ത ഒരാളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും അങ്ങനെയുള്ള ഒരാളെ എങ്ങനെ കസ്റ്റഡിയിലെടുക്കുമെന്നും കോടതി ചോദിച്ചു.

മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ഇവിടെ മാദ്ധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം നടത്താം എന്നുകരുതി എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ പിടിച്ചെടുക്കുമോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.