കോട്ടയം: ചൈനയെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്‌നങ്ങളിലും നയതന്ത്രപരമായ ഇടപെടൽ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വം ഉൾപ്പെടെ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുതരമായ മാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു. നിരവധി ഒന്നാംകിട ബാങ്കുകളാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ തകർന്നത്. ചൈനക്കെതിരെ ഉയർന്നിരുന്ന വിമർശനം ലോകത്തെ അധ്വാനിക്കുന്ന വർഗത്തിനും ഇടതുപക്ഷ ശക്തികൾക്കും മുന്നോട്ട് പോകാൻ അനുകൂലമായ സാർവദേശീയ പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ ദൗത്യം നിർവഹിക്കുന്നില്ല എന്നായിരുന്നു. എന്നാൽ, അയൽ രാജ്യങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്‌നങ്ങളിലും നയതന്ത്രപരമായി ഇടപെട്ട് സൗഹൃദപരമായി മുന്നോട്ട് പോകാനുള്ള നിലപാട് ചൈന കുറച്ചു കാലമായി ഫലപ്രദമായി നിർവഹിച്ചുവരുന്നു. ഇത് ലോകത്തെ ജനങ്ങളെ സംബന്ധിച്ച്, ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനകീയ ചൈനയ്‌ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കൻ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോൾ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് ചൂണ്ടിക്കാണിക്കുന്നില്ല. ചൈനയെ വളയാൻ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക സഖ്യകക്ഷികളായി ഇന്ത്യ, ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആണ് കാണുന്നത്. എല്ലാ അയൽരാജ്യങ്ങളുമായും നല്ല അയൽപ്പക്ക ബന്ധം വേണം. എന്നാൽ, എല്ലാ അയൽരാജ്യങ്ങളുമായും സംഘർഷത്തിലാണെന്ന് മാത്രമല്ല, രാജ്യത്തുതന്നെ സംഘർഷത്തിലാണെന്നും അദ്ദേഹം വിശദമാക്കി.

