ഷിംല: ഹിമാചൽപ്രദേശിൽ കനത്ത മഴ. സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രളയ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. മിന്നൽ പ്രളയത്തിനു സാധ്യതയുണ്ടെന്നും ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഹിമാചൽ പ്രദേശിൽ അടുത്ത 24 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു നിർദ്ദേശിച്ചു. അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 1100, 1070, 1077 ഈ മൂന്ന് സഹായ നമ്പറുകളിൽ ജനങ്ങൾക്കു ബന്ധപ്പെടാം. 24 മണിക്കൂറും ജനങ്ങളെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, ഹിമാചൽ പ്രദേശിലുണ്ടായ പ്രളയത്തിൽ കെട്ടിടങ്ങളും പാലങ്ങളും തകരുന്നതിന്റെയും കാറുകൾ ഒലിച്ചു പോകുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാലങ്ങൾ തകർന്നു പല പ്രദേശങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. കുളുവിൽ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങൾ ഒലിച്ചുപോയി. ഒട്ടേറെ കാറുകളും പ്രളയത്തിൽ ഒഴുകിപോയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിലേക്കു തടികളും വാഹനങ്ങളും ഒഴുകിയെത്തുന്ന അവസ്ഥയാണ്.
72 മണിക്കൂറായി ഹിമാചലിൽ ശക്തമായ മഴ തുടരുകയാണ്. ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി കുളു ദേശീയ പാത അടച്ചു. ഷിംല ജില്ലയിൽ നിന്നും ഡെറാഡൂണിലേക്കു പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

