തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു. വൈദ്യുതി ബിൽ അടക്കമുള്ള സേവനങ്ങളുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ വിഛേദിക്കുമെന്ന് കാണിച്ച് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ് സംഘം ജനങ്ങളെ കബളിപ്പിക്കുന്നത്. പണമടച്ചവരുണ്ടെങ്കിൽ സന്ദേശത്തിൽ കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം ആദ്യ നീക്കം നടത്തുന്നത്. ഈ നമ്പറിൽ വിളിച്ചാൽ മറ്റൊരു സന്ദേശം ലഭിക്കും. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പിന്തുടർന്നാൽ അക്കൗണ്ടിലെ പണം നഷ്ടമാകുന്നതാണ്. ചിലപ്പോൾ തട്ടിപ്പ് സംഘം ഒടിപി ആവശ്യപ്പെടും. ഒടിപി നൽകിയാലും പണം നഷ്ടമാകും.
ഇതിനെല്ലാം പുറമെ കെഎസ്ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞും ചിലർ ഫോൺ ചെയ്യാറുണ്ട്. അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിച്ച് ബാങ്ക് വിവരങ്ങളും ഒ.ടി.പി സന്ദേശം ഉൾപ്പെടെയുള്ള വിവരവും തട്ടിപ്പ് സംഘം കൈക്കലാക്കും. ഇങ്ങനെയും നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടേക്കാം.
അതേസമയം, കെഎസ്ഇബി ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേരും കാണും. ബോർഡിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് മാത്രമേ സന്ദേശം എത്തൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങൾ കെഎസ്ഇബി ഒരിക്കലും ആവശ്യപ്പെടില്ല. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

