നായ ശല്യം വർധിച്ചതോടെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ 7 സ്കൂളുകൾക്കും 17 അങ്കണ വാടികൾക്കുമാണ് നായശല്യത്തിൽ പൊറുതി മുട്ടി അവധി നൽകിയത്. കഴിഞ്ഞ ദിവസം കൂത്താളിയിൽ നാല് പേർക്കാണ് നായയുടെ കടിയേറ്റത്. തെരുവ് നായകളെ പൂർണമായും പിടി കൂടാൻ പറ്റാത്ത സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. ഇതോടെ പഞ്ചായത്തിലെ തൊഴിലുറപ്പ് പരിപാടികളും നിർത്തി വച്ചിരിക്കുകയാണ്. കടിയേറ്റവരുടെ സൂചനകളുടെ അടിസ്ഥാനത്തിൽ നാട്ടുകാർ ചങ്ങരോത്ത് വച്ച് ഒരു നായയെ പിടി കൂടിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചത്. രണ്ട് വാക്സിൻ എടുത്തിട്ടും ചന്ദ്രിക മരിച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ വീണ്ടും നായ ശല്യം കൂടിയത് പഞ്ചായത്തിൽ ആശങ്ക പടർത്തിയിരിക്കുകയാണ്.