ഗവർണർ ആർ എൻ രവിയെ തിരികെ വിളിക്കണം; രാഷ്ട്രപതിയ്ക്ക് കത്തയച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: ഗവർണർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണർ സ്ഥാനത്ത് തുടരാൻ രവി യോഗ്യനല്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം രാഷ്ട്രപതിയ്ക്ക് കത്ത് നൽകിയത്. ഗവർണർ നടത്തിയ നിയമലംഘനങ്ങളുടെ പട്ടികയും അദ്ദേഹം കത്തിൽ വിശദമാക്കിയിട്ടുണ്ട്.

മന്ത്രിമാരെ നിയമിക്കുന്നതിലും പിരിച്ചുവിടുന്നതിലും ഗവർണർക്കല്ല മറിച്ച് മുഖ്യമന്ത്രിക്കാണ് അധികാരമെന്ന് കത്തിൽ പറയുന്നു. സംസ്ഥാനത്ത് ജനങ്ങൾക്കും അവരുടെ താൽപര്യങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഗവർണർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നത്. സെന്തിൽ ബാലാജിയെ ഏകപക്ഷീയമായി പിരിച്ചുവിടുകയും മണിക്കൂറുകൾക്കുള്ളിൽ റദ്ദാക്കുകയും ചെയ്ത നടപടി സ്റ്റാലിൻ ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാസാക്കാത്ത ബില്ലുകളുടെ പട്ടികയും, അഴിമതിക്കേസുകളിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ വൈകിപ്പിക്കുന്നതും കത്തിൽ പറയുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഏജന്റായാണ് ഗവർണർ പ്രവർത്തിക്കുന്നത്. ഗവർണറുടേത് ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതിയാണ് അദ്ദേഹം മതേതരത്വത്തിൽ വിശ്വസിക്കുന്നില്ല. മതത്തെ കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളിലൂടെ തമിഴ്‌നാടിന്റെ സംസ്‌കാരത്തെ ആക്ഷേപിക്കുകയും ജനങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നുവെന്നും എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.