ചന്ദ്രശേഖര റാവു പ്രവർത്തിക്കുന്നത് തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രം; വിമർശനവുമായി പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രശേഖര റാവു പ്രവർത്തിക്കുന്നത് തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതിയ്ക്കും കുടുംബ ഭരണത്തിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാറങ്കലിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രവർത്തിക്കുന്നത് ജനക്ഷേമത്തിന് വിരുദ്ധമായാണ്. തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നാണ് കെസിആർ കരുതുന്നത്. കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നു. അവർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഭരണകാലത്ത് ബി.ആർ.എസ് കേന്ദ്രത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാൽ, ബിജെപി സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 6100 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തെലങ്കാനയിൽ തറക്കല്ലിട്ടത്.