ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി ആംആദ്മി. അപകീർത്തിക്കേസിൽ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുലിന് പിന്തുണയുമായി എഎപി രംഗത്തെത്തിയത്. രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയാണിതെന്നാണ് ആംആദ്മി വ്യക്തമാക്കുന്നത്.
തികച്ചും ന്യായരഹിതമാണ് രാഹുലിനെതിരായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്ന് ആംആദ്മി പാർട്ടി വക്താവ് പ്രിയങ്ക കക്കഡ് വ്യക്തമാക്കി. രാഹുലിന് നൽകിയ ശിക്ഷ കടുപ്പമാണെന്നും പ്രിയങ്ക കക്കഡ് അഭിപ്രായപ്പെട്ടു.
യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ളത്. അത്തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കണം. ഹൈക്കോടതി വിധിക്കെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കണമെന്നും പ്രിയങ്ക കക്കഡ് കൂട്ടിച്ചേർത്തു.
കോടതിയോട് ബഹുമാനമുണ്ടെങ്കിലും രാഹുലിനെതിരെയുള്ള കോടതി വിധിയെ അനുകൂലിക്കാൻ ഒരുക്കമല്ലെന്നായിരുന്നു വിഷയത്തിൽ അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

