കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണം – കത്തോലിക്കാ കോൺഗ്രസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദൻ മാസ്റ്റർക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്. ക്രൈസ്തവ സന്യാസിമാരെ അവഹേളിച്ചെന്ന് കാട്ടിയാണ് വിമർശനം. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.

കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ പറഞ്ഞു. ഇംഗ്ലണ്ടിൽ വിശ്വാസികൾ പള്ളിയിൽ പോകുന്നില്ല എന്നും, അതോടു കൂടി പള്ളികൾ വില്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കത്തോലിക്കാ കോൺഗ്രസ് മറുപടിയുമായി എത്തിയത്.