ജനകോടികൾ രാഹുലിനൊപ്പമുണ്ട്; ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ. മോദി സമുദായത്തെ അപമാനിച്ചെന്ന അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയ വിധിക്ക് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങൾക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതുമാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.