സർക്കാരിന്റെ പോരായ്മകളും അഴിമതികളും ചോദ്യം ചെയ്യുന്ന മാദ്ധ്യമങ്ങളെ വിരട്ടുന്ന തന്ത്രമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്; രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ മാദ്ധ്യമവേട്ടയെ കുറിച്ചാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സർക്കാരിന്റെ പോരായ്മകളും അഴിമതികളും ചോദ്യം ചെയ്യുന്ന മാദ്ധ്യമങ്ങളെ വിരട്ടുന്ന തന്ത്രമാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമത്തിന്റെ പിൻബലമുപയോഗിച്ച് മാദ്ധ്യമങ്ങളെ നിശബ്ദരാക്കുന്ന കോൺഗ്രസിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും സമീപനങ്ങളെ നാം പലതവണ വിമർശിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പിണറായി വിജയൻ എന്താണ് ചെയ്യുന്നതെന്ന് രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കണം. ഒന്നിന് പിറകെ ഒന്നായാണ് പിണറായി സർക്കാരിന്റെ അഴിമതി കഥകൾ പുറത്തുവരുന്നത്. ഇവയോരോന്നും കണ്ടെത്തി ജനങ്ങളിലേക്കെത്തിക്കുന്ന മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും വിരട്ടിയും നിശബ്ദമാക്കുകയാണ് സിപിഎമ്മെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ഓഫീസും വീടുകളും റെയ്ഡ് ചെയ്ത പോലീസ് നടപടിയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

ഇരട്ടാത്താപ്പ് മുഖമുദ്രയാക്കി, വിരട്ടലിന്റെ രാഷ്ട്രീയം കളിക്കുന്ന ഒരു സർക്കാർ രാജ്യത്തുണ്ടെങ്കിൽ കേരളത്തിലെ മാർക്സിസ്റ്റ് ഗവൺമെന്റ് പ്രതിനിധീകരിക്കുന്നത് അത്തരമൊരു സർക്കാരിനെയാണ്. അടുത്തിടെയാണ് ചില ടെലിവിഷൻ ചാനലുകൾക്കെതിരെയും മാദ്ധ്യമ പ്രവർത്തകർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത സംഭവമുണ്ടാകുന്നത്. യൂട്യൂബ് ചാനലിനെതിരായ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, മാദ്ധ്യമപ്രവർത്തകരുടെ വീടുകളും അവരുടെ ഓഫീസും റെയ്ഡ് ചെയ്ത പോലീസ് നടപടി പിണറായി സർക്കാർ നടത്തുന്ന മാദ്ധ്യമവേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലജ്ജയില്ലാതെ ഇത്തരം അടിച്ചമർത്തലുകൾ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരെയും മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും വാതോരാതെ പ്രസംഗിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.