സ്വകാര്യ ബിൽ അവതരണം; ഹൈബി ഈഡനെതിരെ കെപിസിസി നേതൃയോഗത്തിൽ വിമർശനം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണം നടത്താൻ കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. കെപിസിസി നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അതേസമയം, ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അവതരണത്തിനെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.

അനവസരത്തിലായിരുന്നു ഹൈബി ഈഡന്റെ സ്വകാര്യ ബിൽ അവതരണമെന്ന് കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. വിഷയത്തിൽ പാർട്ടിയിൽ മതിയായ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തിൽ പാർട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്‌നങ്ങൾ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമാണെന്നാണ് പാർട്ടിയിൽ പൊതുവെ ഉയരുന്ന അഭിപ്രായം.

സ്വകാര്യ ബില്ലിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹൈബി ഈഡനെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്‌നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോഴാണ് ഹൈബി ഈഡന്റെ സ്വകാര്യ ബില്ല് അവതരണം ചർച്ചയാകുന്നത്.