സംസ്ഥാനത്ത് മഴ കനത്തതോടെ വ്യാപക നാശനഷ്ടം; നിരവധി വീടുകൾ തകർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ വ്യാപക നാശനഷ്ടം. പല ജില്ലകളിലും കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരം കടപുഴകി വീണ് മിക്ക ജില്ലകളിലും ഗതാഗത തടസം ഉണ്ടായി. പലസ്ഥലങ്ങളിലും വെള്ളം കയറി.

മഴ ശക്തമായതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. പത്തനംതിട്ട കുരുമ്പൻമൂഴി ആദിവാസി കോളനിയിൽ 350 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഗവി യാത്രയ്ക്ക് വനംവകുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തു.

എറണാകുളത്ത് ക്വാറി അടക്കമുള്ള ഖനന പ്രവർത്തികൾക്ക് നിരോധനം ഏർപ്പെടുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വെള്ളം കയറി. പാലാരിവട്ടത്ത് റോഡിലേയ്ക്ക് മരം വീണ് രണ്ടുപേർക്ക് പരിക്കേറ്റു. പാലാരിവട്ടം വൺവേ റോഡിലാണ് മരം വീണത്. കൊച്ചി സ്വദേശികൾക്കാണ് പരിക്കേറ്റത്.

ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് 36 വീടുകൾ തകർന്നു. തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്നതിനിടെ കടലിൽ വീണ് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ബീഹാർ സ്വദേശി രാജ്കുമാറിനെയാണ് കാണാതായത്.