തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നാടകീയ നീക്കം. തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കും വരെ വിചാരണ നിർത്തിവെക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പോലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത്.
സംഘർഷത്തിൽ എംഎൽഎമാർക്ക് പരിക്കേറ്റതടക്കമുള്ള കൂടുതൽ വസ്തുതകളിൽ തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. സമാന ആവശ്യം ഉന്നയിച്ച് . ഇഎസ് ബിജിമോളും ഗീതാഗോപിയും ഹർജി നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അവർ തന്നെ ഈ ഹർജി പിൻവലിച്ചിരുന്നു.
അതേസമയം, തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സമർപ്പിക്കണമെന്ന ആവശ്യത്തിൽ സിജെഎം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. തുടരന്വേഷണത്തിൽ പുതുതായെന്തെങ്കിലും കണ്ടെത്തിയാൽ മാത്രമേല്ല അനുബന്ധ കുറ്റപത്രത്തിന് പ്രസക്തി ഉള്ളൂവെന്ന് കോടതി ചോദിച്ചു.

